കാമഭ്രാന്തൻ പക്രു(Dog Humping or Mounting)
സ്വഭാവത്തിന്റെയും കുറുമ്പിന്റെയും കാര്യത്തിൽ പട്ടിക്കുട്ടികൾ പലവിധമാണ്. എന്നാൽ ഇതുപോലുള്ള ഒട്ടുമിക്ക പ്രവർത്തികളും ശരിയായ ട്രെയിനിങ് കൊടുത്ത് മാറ്റാൻ പറ്റുന്നവയാണ്. പക്ഷേ, എല്ലാ അടവും എല്ലാ നായയുടെ അടുത്തും ഏൽക്കില്ല എന്നുമുണ്ട്. ഓരോ നായയുടെയും സ്വഭാവം പോലെ തന്നെ കൊടുക്കേണ്ട ട്രെയിനിങ്ങും വ്യത്യസ്തമാണ്. അങ്ങനെയൊരു വ്യത്യസ്തനായ പപ്പിയെ ആണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. അഞ്ച് വയസ്സുള്ള പപ്പി. പേര് പക്രു. പക്രുവിന് കുറച്ച് ശീലങ്ങളുണ്ട്. കേട്ടാൽ ഒരുപക്ഷെ ചിരി വന്നേക്കാം എന്നാൽ, അത് അനുഭവിക്കുന്ന വീട്ടുക്കാർക്ക് അത്ര ചിരിയൊന്നും വന്നെന്ന് വരില്ല. പക്രു എല്ലാവരുടെയും മേൽ ചാടി കയറി കാലിൽ അള്ളി പിടിച്ച് കുലുങ്ങി കൊണ്ടിരിക്കും (Dog Humping or mounting). ഇത് വീട്ടുകാരുടെ അടുത്ത് മാത്രമല്ല വീട്ടിൽ ആര് വന്നാലും ഇത് തന്നെ അവസ്ഥ. വേറൊരു ശീലം വീട്ടിൽ പുതിയ എന്ത് വസ്തു കൊണ്ടുവന്നാലും അതിൽ മൂത്രം ഒഴിക്കും എന്നതാണ്. പുതിയ കാർപെറ്റ് ദിവസവും വരുന്ന പത്രം എന്ന് വേണ്ട പുതിയത് എന്ത് കണ്ടാലും പക്രു അതിൽ മൂത്രം ഒഴിക്കുന്നത് പതിവാണ്. ഇതൊക്കെയാണ് പക്രു എന്ന കില്ലാടിയുടെ വികൃതികൾ. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നമുക്ക് നോക്കാം.
എങ്ങനെ മാറ്റിയെടുക്കാം?
ആദ്യം പക്രുവിനെ പുറത്തേക്ക് അഴിച്ച് വിട്ടു കൊണ്ട് പത്രം എറിഞ്ഞു കൊടുത്തു. പത്രത്തിൽ മൂത്രം ഒഴിക്കുമോ എന്നറിയാനും ആ ശീലം മാറ്റാനുമായിരുന്നു അങ്ങനെ ചെയ്തത്. പക്ഷേ, പക്രു നമ്മളോട് മൂത്രമൊഴിച്ചു സഹകരിക്കാത്തത് കൊണ്ട് ഒന്നും ചെയ്യാനായില്ല. ഇതിനിടയിലും പുള്ളിക്കാരൻ ഓരോരുത്തരുടെ കാലിലും അള്ളി പിടിച്ച് കുലുങ്ങുന്നുണ്ടായിരുന്നു (Humping or mounting). എങ്കിൽ പിന്നെ ഈ മൗന്റിങ്ങിന് ഒരു അറുതി വരുത്താം എന്നായി. ഓരോ തവണ കാലിലേക്ക് പിടിച്ചു കയറാൻ വരുമ്പോളും അനങ്ങാതെ നിൽക്കാനോ പിന്മാറാനോ ശ്രമിക്കുന്നതിന് പകരം നായയ്ക്ക് നേരെ രണ്ട് സ്റ്റെപ് മുന്നോട്ട് നീങ്ങി ആ പ്രവർത്തിയെ തടയാൻ തുടങ്ങി. ഈ പ്രവർത്തി ഓരോ തവണയും തുടർന്നു കൊണ്ടിരുന്നു. ആദ്യമൊക്കെ കാലിൽ പിടിക്കുന്നുണ്ടായെങ്കിലും പിന്നെ പിന്നെ പക്രു പിന്മാറാൻ തുടങ്ങി. അങ്ങനെ ഈ ട്രിക്ക് പക്രുവിന്റെ അടുത്ത് വർക്ക്ഔട്ട് ആകുമെന്ന് മനസ്സിലായി. നായ എന്തിനാണോ നമ്മളുടെ അടുത്തേക്ക് വരുന്നത് അത് തന്നെ തിരിച്ച് ചെയ്യുമെന്ന തോന്നൽ നായയിൽ ഉണ്ടാക്കുക എന്നതായിരുന്നു ഈ ട്രിക്കിന്റെ ഉദ്ദേശം. കുറച്ച് നേരം ഇത് തുടർച്ചയായി ചെയ്തപ്പോൾ തന്നെ പക്രു ഒതുങ്ങി. പിന്നെ അടുത്തേക്ക് വരാതെയായി.
ഇതോടെ പക്രുവിന്റെ ഈ പ്രവർത്തി പൂർണമായും മാറില്ല. മറ്റുള്ളവരുടെ അടുത്ത് വീണ്ടും ഇത് ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ട് ആരുടെ അടുത്തേക്ക് നായ വരുന്നോ അവരെല്ലാം നായയ്ക്ക് നേരെ നീങ്ങിക്കൊണ്ട് ഈ ട്രിക്ക് പ്രയോഗിച്ചാൽ പതിയെ ഈ ശീലം മാറ്റിയെടുക്കാൻ സാധിക്കും. പക്ഷേ, ഇപ്പോളും പുതിയ വസ്തുക്കളിൽ മൂത്രം ഒഴിക്കുന്ന ശീലം നമുക്ക് മാറ്റാനായില്ല. പേടിക്കണ്ട! മൂത്രമൊഴിക്കുന്ന പക്രുവിനെ വൈകാതെ നമ്മുക്ക് കയ്യോടെ പിടികൂടാം.