സഹിക്കാൻ കഴിയാത്ത ചാട്ടം (Hyper German Shepherd)
നായയെ വളർത്തുന്നവർ എല്ലാം വെറും കാവലിന് മാത്രമായിരിക്കില്ല അവയെ വാങ്ങുന്നത്, പകരം അവയോട് കളിക്കാനും സമയം ചിലവിടാനും ഏറെ ഇഷ്ടമുള്ളതും കൊണ്ടായിരിക്കും. എന്നാൽ വാസ്തവത്തിൽ നമ്മളെക്കാൾ ഏറെ നായയ്ക്ക് ആണ് കളികളിലും വിനോദങ്ങളിലും ഏർപ്പെടാൻ താല്പര്യം. ഒട്ടുമിക്ക നായകളും അവരുടെ ഉടമസ്ഥരെ അതിര് വിട്ട് സ്നേഹിക്കാറുമുണ്ട്. എന്നാൽ ഈ സ്നേഹവും കളികളും ഉടമസ്ഥന് തന്നെ ഒരു പ്രശ്നമായി തോന്നി തുടങ്ങിയാലോ? പലരും പതിയെ പതിയെ ആ നായയെ വെറുക്കാനും ഒഴിവാക്കാനും തുടങ്ങും, അല്ലേ? എന്നാൽ അതാണോ ഇതിനുള്ള പോംവഴി? അല്ല!! നായകൾ ഇങ്ങനെ പെരുമാറുന്നതിന് കാരണം അവർക്ക് ശരിയേത് തെറ്റേത് എന്ന് പഠിപ്പിച്ചു കൊടുക്കാത്തത് കൊണ്ടാണ്. നമ്മൾ അവരുടെ സ്വഭാവ രൂപീകരണത്തിന് വേണ്ടി കുറച്ച് സമയം മാറ്റി വെച്ചാൽ പരിഹരിക്കാവുന്നതേ ഒള്ളു ഈ പ്രശ്നം. അങ്ങനെ പ്രശ്നം പരിഹരിക്കാനായി സമയം മാറ്റി വെക്കാൻ തയ്യാറായി വന്നിരിക്കുകയാണ് ഒരു ജർമൻ ഷെപ്പേർഡിന്റെ ഉടമസ്ഥ(Hyper German Shepherd)
എന്താണ് പ്രശ്നം, അതെങ്ങനെ പരിഹരിച്ചു എന്നെല്ലാം നോക്കാം.
ഈ ജർമൻ ഷെപ്പേർഡ് എപ്പോ ഉടമസ്ഥയെ കണ്ടാലും ശരീരത്തിലേക്ക് ചാടി കയറി കടിക്കാൻ തുടങ്ങും. എത്ര മാറ്റാൻ ശ്രമിച്ചാലും നായ ഇത് തന്നെ തുടർന്നു കൊണ്ടേ ഇരിക്കുകയാണ്. ഒറ്റ കാഴ്ചയിൽ നായ ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന് തോന്നുമെങ്കിലും വാസ്തവത്തിൽ അത് കളിക്കുകയാണ്. എന്നാൽ ഈ കളി കാരണം നമുക്ക് പരിക്ക് ഏൽക്കാനും പെട്ടെന്ന് ചാടി കയറുമ്പോൾ മറിഞ്ഞ് വീഴാനും സാധ്യത കൂടുതലാണ്. ഈ പ്രവർത്തി കൃത്യ സമയത്ത് മാറ്റിയെടുത്തില്ലെങ്കിൽ വീട്ടിൽ വരുന്ന അതിഥികളുടെ അടുത്തും നായ ഇത് ചെയ്യാൻ സാധ്യതയുണ്ട്. നായയുടെ ഈ സ്വഭാവം മാറ്റാനായി ആദ്യം ചെയ്യേണ്ടത് ശരീരത്തിലേക്ക് ചാടി കയറുന്നത് തടയുക എന്നതാണ്. അതിനായി നായ ഓരോ തവണ ചാടി കയറുമ്പോളും പിന്നിലേക്ക് നീങ്ങുന്നതിന് പകരം നായയുടെ നേരെ രണ്ടടി നടന്ന് അടുക്കുക എന്ന നിർദ്ദേശം ഉടമസ്ഥക്ക് കൊടുത്തു. അവർ കൃത്യമായി അത് ചെയ്തു. അതിന്റെ ഫലം ഉടനെ തന്നെ കാണുകയും ചെയ്തു. നായ ശരീരത്തിൽ ചാടി കയറുന്നത് പതിയെ നിർത്തി. ഇതിന് പിന്നിലുള്ള രഹസ്യം മറ്റൊന്നുമല്ല, നായ നമ്മളോട് കളിക്കാനാണ് ചാടി കയറുന്നത് എന്നാൽ നമ്മൾ മുന്നോട്ട് നടക്കുമ്പോൾ നായയുടെ കണ്ട്രോൾ നഷ്ടപ്പെട്ട് വീഴുകയും അവയ്ക്ക് തന്നെ ആ കളി മടുക്കുകയും ചെയ്യും. എന്നാൽ ഇവിടെ നായ ഉടമസ്ഥയുടെ മേൽ ചാടി കയറുന്നത് നിർത്തിയെങ്കിലും വീട്ടിലെ തലയിണ പോലുള്ള മറ്റു വസ്തുക്കൾ കടിച്ചു പറിക്കാനും നശിപ്പിക്കാനും തുടങ്ങി. ഇവിടെയും നായ കളിക്കാൻ ശ്രമിക്കുന്നതാണ് എന്ന് മനസ്സിലാക്കാം. ഈ നായ നല്ലവണ്ണം കളികളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന നായയാണ്. അതിനാൽ അത് ഇഷ്ടപ്പെടുന്ന പുതിയ കളികൾ നൽകി ഓരോ നിർദ്ദേശങ്ങളിലൂടെ സ്വഭാവം ശരിയാക്കിയെടുക്കാൻ ശ്രമിക്കുകയാണ് നമ്മൾ. മൂന്ന് ഗെയിമുകളാണ് ഈ നായയ്ക്ക് കൊടുക്കാൻ പോകുന്നത്.
Tug WAR
Tug War എന്നാൽ വടംവലി പോലെ ഏതെങ്കിലും ഒരു വസ്തുവിൽ നായ കടിച്ച് വലിച്ച് കളിക്കുന്ന കളിയാണ്. നായയ്ക്ക് കടിച്ച് വലിക്കാൻ തിരഞ്ഞെടുത്തത് ബെഡ് ഷീറ്റാണ്. ഈ ഗെയിം നായയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. എന്നാൽ വെറുതെ കടിച്ച് പറിക്കുക എന്നതല്ല ഈ കളിയുടെ ഉദ്ദേശം. നമ്മൾ കടിക്കുന്നത് വിടാനായി “ഡ്രോപ്പ്” എന്ന കമാൻഡ് കൊടുക്കുമ്പോൾ നായയുടെ കടി അതിൽ നിന്ന് വിടീപ്പിക്കുക എന്നതാണ് ഉദ്ദേശം. അതിനായി ഓരോ തവണ ഡ്രോപ്പ് കമാൻഡ് നൽകി പിടി വിടുമ്പോളും ട്രീറ്റ്സ് പോലുള്ള എന്തെങ്കിലും നൽകി നായയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പതിയെ പതിയെ നായയ്ക്ക് അത് ശീലമായി തുടങ്ങി.
FOOTBALL
പൊതുവെ ജർമൻ ഷെപ്പേർഡ് കളിക്കാൻ ഇഷ്ടപ്പെടുന്നൊരു കളിയാണ് ഫുട്ബോൾ. മൂക്ക് കൊണ്ടും കാല് കൊണ്ടും ഫുട്ബോൾ തട്ടാനും കടിച്ച് എടുക്കാനും അവയ്ക്ക് ഇഷ്ടമാണ്. ഇവിടെ നായ ആദ്യമൊക്കെ ബോൾ കടിച്ച് പറിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. എന്നാൽ ആ സമയം ഡ്രോപ്പ് കമാൻഡ് കൊടുക്കുമ്പോൾ പിടിത്തം വിടാൻ തുടങ്ങി. ശേഷം കളിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ ആരംഭിച്ചു. ഓരോ തവണ ബോൾ എറിയുമ്പോളും നായ ബോൾ തട്ടുകയും കടിച്ചെടുത്ത് ഉടമസ്ഥയുടെ അടുത്തേക്ക് കൊണ്ട് കൊടുക്കുകയും ചെയ്തു. പതിയെ ഈ ഗെയിമും നായ ആസ്വദിച്ചു തുടങ്ങി.
CHASING GAME
ഫുട്ബോൾ കളിയുടെ ഇടയിൽ തന്നെ ഈ കളിയും നായ ശീലമാക്കി. ഫുട്ബോളോ മറ്റോ കടിച്ചെടുത്ത് കളിക്കുമ്പോൾ പിന്നാലെ നമ്മളും ഓടി കളിക്കുകയാണ് ഇതിന്റെ രീതി. എന്നാൽ ഈ കളിക്കുള്ള ഒരു പ്രശ്നം നായ എടുത്ത വസ്തു തിരിച്ച് തരാനുള്ള കമാൻഡ് അനുസരിക്കാതാവും എന്നാണ്. എന്നാൽ ഇവിടെ ആ പ്രശ്നം അധികം ബാധിക്കില്ല. ഉടമസ്ഥൻ തിരക്കിൽ ആണെങ്കിലും ഈ ഗെയിം എളുപ്പത്തിൽ കളിക്കാൻ കഴിയും. നായയ്ക്ക് എന്തെങ്കിലും വസ്തു എറിഞ്ഞ് കൊടുക്കുകയും നായ അതെടുത്ത് തിരിച്ചു വരുന്ന സമയത്ത് എഴുന്നേൽക്കുകയോ കൈ കൊണ്ട് ആംഗ്യം കാണിക്കുകയോ ചെയ്‌താൽ നായ വീണ്ടും ഓടി തുടങ്ങുകയും കളിക്കുകയും ചെയ്യും.
കുട്ടിയും പട്ടിയും ഹാപ്പി
ഈ കളികൾക്കെല്ലാം ഒടുവിൽ നായ ക്ഷീണിച്ച് കിടന്നു. ആ സമയത്ത് ഇരിക്കാനും കിടക്കാനും ഉറങ്ങാനും ഷേക്ക് ഹാൻഡ് തരാനുമുള്ള മറ്റു കമാൻഡുകളും പഠിപ്പിച്ചു. അതോടെ ഈ നായ 100% പെർഫെക്റ്റായി മാറി കമാൻഡുകൾ അനുസരിക്കാനും മറ്റുള്ളവർക്ക് ഉപദ്രവം ഇല്ലാത്ത കളികളിൽ ഏർപ്പെടാനും തുടങ്ങി. ഇതിനെല്ലാം സഹായിച്ചത് ആ നായയുടെ ഉടമസ്ഥ തിരക്കിനിടയിലും അവയെ പരിപാലിക്കാനും ട്രെയിൻ ചെയ്യിക്കാനും സമയം കണ്ടെത്തിയത് കൊണ്ട് മാത്രമാണ് എന്നോർമിപ്പിക്കുന്നു.