അതിഭീകരൻ റോക്കിയെ മെരുക്കിയ വഴി.(Aggressive labrador correction)
പൊതുവെ ലാബ്രഡോറിനെ കുറിച്ച് കേൾക്കുന്ന പരാതി പുറത്ത് നിന്ന് ആര് വന്നാലും അവരുമായി പെട്ടെന്ന് ഇണങ്ങുമെന്നതും വീടിന് കാവൽ നിൽക്കാനുള്ള കെൽപ്പ് കുറവാണ് എന്നതുമൊക്കെയാണ്. എന്നാൽ ഇവിടെ ഇന്ന് പരിചയപ്പെടുത്തുന്ന ലാബ്രഡോറിന് ദേഷ്യവും(Aggressive labrador) ആത്മവിശ്വാസവും ഒരൽപ്പം കൂടുതലാണ്. അത് നല്ലതല്ലേ എന്ന് കേൾക്കുമ്പോൾ തോന്നും. എന്നാൽ അധികമായാൽ അമൃതും വിഷമാണെന്ന പോലെ ഇതും വളരെ അപകടമാണ്. റോക്കി എന്ന ഈ നായ ആ വീട്ടിലുള്ള ആളുകളുടെ മേൽ അധികാരം സ്ഥാപിച്ചിരിക്കുകയാണ്. ചില സമയങ്ങളിൽ മുറിയിലേക്കും മറ്റും കയറുന്ന നായ മറ്റുള്ളവരെയൊന്നും അകത്തേക്ക് കടത്തി വിടില്ല. ഇനി ആരെങ്കിലും കടക്കാൻ ശ്രമിച്ചാൽ നല്ല കടിയും കിട്ടും. അങ്ങനെ രണ്ട് തവണ കടി കിട്ടി പരിക്ക് പറ്റി സ്റ്റിച്ച് വരെ ഇടേണ്ട അവസ്ഥ വന്നിട്ടുണ്ട് ഈ നായയുടെ ഉടമസ്ഥനും മകൾക്കും. ഇത്രയൊക്കെ സംഭവിച്ചിട്ടും അവർ വീണ്ടും ഈ നായയെ വളർത്താനും നേരെയാക്കി എടുക്കാനും വീണ്ടും തയ്യാറായിരുന്നു.
എന്താണ് റോക്കിയുടെ പ്രശ്നം?
ഇത് സത്യത്തിൽ ഒരു ട്രൈനിങ്ങിന്റെ കുറവ് ആയിരുന്നില്ല. കാരണം, ഇരുപത്തി അയ്യായിരം രൂപയിൽ മേലെ മുടക്കി രണ്ട് തവണ ട്രെയിനിങ് ലഭിച്ച നായയാണ് റോക്കി. എന്നാൽ അത് രണ്ടും ഫലപ്രദമായില്ല. അത് കൊണ്ട് ഇവിടെ പരീക്ഷിക്കാൻ പോകുന്നത് ശരിയായ ഒരു ട്രെയിനിങ് രീതിയല്ല. ഈ നായയെയും അതിന്റെ ഉടമസ്ഥനെയും എങ്ങനെ ഒരുമിപ്പിക്കാമെന്ന് മാത്രമാണ് ചിന്തിക്കുന്നത്. നായ മുറിയിൽ കയറി മറ്റുള്ളവരെ ആക്രമിക്കാനായി തയ്യാറായി ദേഷ്യത്തിൽ ഇരിക്കുന്ന സമയത്താണ് ഇത് പരീക്ഷിക്കുന്നത്. ഇപ്പോൾ നായ ആരെയും ആ മുറിയിലേക്ക് അടുപ്പിക്കുന്നത് പോലുമില്ല. കുരച്ചും ദേഷ്യപ്പെട്ടും കട്ടിലിൽ കയറി തലയിണ കടിച്ച് പറിച്ചും ഇരിപ്പാണ് റോക്കി(aggressive labrador). എന്നാൽ ഈ സാഹചര്യത്തിൽ തെറ്റായ ഒരു കാര്യം അതിന്റെ ഉടമസ്ഥൻ ചെയ്തിരുന്നു. നായയെ പുറത്ത് ഇറക്കാനായി ട്രീറ്റ്സ് പോലുള്ള വസ്തുക്കൾ കഴിക്കാൻ ഇട്ടു കൊടുത്ത് നായയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് നേരെ വിപരീതമായാണ് ഫലം ചെയ്യുക. ദേഷ്യപ്പെട്ടുകൊണ്ട് മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ച മട്ടിൽ ഇരിക്കുന്ന നായയെ അഭിനന്ദിക്കുന്നതിന് തുല്യമാണ് ഈ പ്രവർത്തി. അതുകൊണ്ട് ആദ്യം ആ പ്രവർത്തി ഒഴിവാക്കാൻ നിർദേശം നൽകി. ഇനിയെങ്ങനെയെങ്കിലും നായയെ മുറിയിൽ നിന്ന് പുറത്ത് കടത്തണം എന്നായി അടുത്ത ചിന്ത.
യുദ്ധവും സമാധാനവും
അതിനായി “ബാക്ക്” എന്ന കമാൻഡ് കൊടുത്ത് നായയെ പുറത്ത് ഇറക്കാനായി പറഞ്ഞു. എന്നാൽ വെറും കയ്യോടെ അങ്ങോട്ട് കേറി ചെന്നാൽ നല്ല കടിയും കിട്ടും സ്റ്റിച്ചിന്റെ എണ്ണവും കൂടും. അതിന് വേണ്ടി ഒരു ഷീൽഡ് പോലെ എന്തെങ്കിലും വസ്തു മുന്നിൽ പിടിച്ചുകൊണ്ട് നായയെ സമീപിക്കാൻ പറഞ്ഞു. കാരണം നായ ആക്രമിക്കുമ്പോൾ കടി കിട്ടുന്നത് ആ വസ്തുവിൽ ആയിരിക്കും മറ്റുള്ളവർക്ക് ഉണ്ടാകുന്ന അപായവും കുറയും. അതിനായി ഉടമസ്ഥൻ തിരഞ്ഞെടുത്തത് ഒരു കസേര ആയിരുന്നു. ഉടമസ്ഥൻ ആ കസേരയുമായി നായയുടെ അടുത്ത് പോയി ബാക്ക് എന്ന കമാൻഡ് ഉപയോഗിച്ച് അതിനെ കട്ടിലിൽ നിന്ന് പുറത്ത് കടത്താൻ തുടങ്ങി. ആദ്യമൊക്കെ നായ ദേഷ്യപ്പെട്ട് നിന്നെങ്കിലും കുറച്ച് നേരത്തെ ശ്രമം കൊണ്ട് കട്ടിലിൽ നിന്നിറങ്ങി പോയി. എന്നാൽ അപ്പോളും നായ അധികാരം കൈവിടാൻ തയ്യാറായിരുന്നില്ല. അതിനുള്ള തെളിവായിരുന്നു വായിൽ കടിച്ച് പിടിച്ചിരുന്ന തലയിണ. നായ അതുമായി പുറത്തേക്ക് ഇറങ്ങി പോയി. ആ തലയിണ നായയുടെ വായിൽ നിന്ന് തിരിച്ചു വാങ്ങിയാലെ അതിന് അധികാരം നഷ്ടപ്പെട്ടതായി തോന്നുകയുള്ളു. ആ സമയത്ത് ട്രീറ്റ്സ് പോലുള്ള എന്തെങ്കിലും കൊടുത്ത് അഭിനന്ദിക്കുകയും തടവുകയും ചെയ്ത് നായയെ സ്നേഹിക്കണം. അപ്പോളേ ആ പ്രവർത്തി തെറ്റാണെന്നും ഇപ്പോൾ ചെയ്തത് ശരിയാണെന്നും നായയ്ക്ക് തോന്നുകയുള്ളൂ. അതിന് വേണ്ടി ഉടമസ്ഥൻ നായയുടെ പിന്നാലെ കസേരയുമായി പോയി. കുറച്ച് നേരത്തെ പരിശ്രമം കൊണ്ട് നായയുടെ വായിൽ നിന്ന് തലയിണ കൈക്കലാക്കി. തലയിണയിൽ നിന്ന് പിടിവിട്ടതും നായ ശാന്തനായി ഇരുന്നു. ആ സമയം തന്നെ നായയുടെ അടുത്ത് പോയി അഭിനന്ദിക്കുകയും ട്രീറ്റ്സ് കൊടുക്കുകയും ചെയ്തു. നായ പെട്ടെന്ന് തന്നെ മെരുങ്ങി വന്നു. ഉടമസ്ഥൻ അപ്പോൾ വലിയ സന്തോഷവാനായിരുന്നു.
ശാന്തനായശേഷം വീണ്ടും ശ്രമം
വെറും പത്ത് മിനിറ്റ് കൊണ്ടാണ് നായയെ ശാന്തനാക്കിയത്. ഇനി ചെയ്യേണ്ടത് നായയ്ക്ക് ഇത് ശീലമാക്കി മാറ്റി എപ്പോൾ എല്ലാം മുറിയിൽ കയറി ആക്രമാസക്തൻ ആകുന്നുവോ അപ്പോളെല്ലാം കമാൻഡ് അനുസരിച്ച് പിന്മാറാൻ ശീലിപ്പിക്കണം എന്നതാണ്. അതിനായി അപ്പോൾ തന്നെ നായയെ മുറിയിലേക്ക് കൊണ്ടു പോയി കട്ടിലിൽ കയറ്റി നിർത്തി. എന്നാൽ ഇപ്പോൾ നായ മറ്റുള്ളവർ മുറിയിൽ കയറുന്നതിനെ എതിർക്കുന്നുണ്ടായില്ല. “Come” എന്ന കമാൻഡ് പറഞ്ഞതും വലിയ മടി കാണിക്കാതെ നായ ഇറങ്ങി വന്നു. ഇറങ്ങിയ സമയത്ത് നായയെ കെട്ടിപിടിച്ചു കൊണ്ട് അഭിനന്ദിച്ചു. ഇത് വീണ്ടും വീണ്ടും തുടർന്നു. ഇടയ്ക്ക് തലയിണയിൽ കടിച്ച് പിടിച്ചെങ്കിലും പെട്ടെന്ന് തന്നെ കമാൻഡ് അനുസരിച്ച് പിടിവിട്ടു. റോക്കി അങ്ങനെ പതിയെ ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിൽ പോകാൻ തീരുമാനിച്ചു. സത്യത്തിൽ ഇവിടെ ട്രെയിനിങ്ങിന്റെ കുറവ് അല്ലായിരുന്നു. നായകൾ എല്ലാവരും പരസ്പരം വ്യത്യസ്തരാണ് എന്നപോലെ നായയുടെ ഉടമസ്ഥരും വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ ട്രെയിനിങ്ങിൽ നിന്ന് കിട്ടുന്ന കമാൻഡുകൾ എല്ലാവരും പറഞ്ഞാൽ നായ അനുസരിക്കണം എന്നില്ല. അതിനാൽ നായയുടെ ഉടമസ്ഥരെയും മനസ്സിലാക്കി അവരെയും ചേർത്തു കൊണ്ട് ട്രെയിനിങ് കൊടുക്കുന്നതാണ് ഏറ്റവും ഫലപ്രദം. നമ്മൾ ഇന്ന് നല്ല നൽകിയ ട്രെയിനിങ് നേരായ രീതിയിൽ ഉള്ളതല്ല എന്ന് വീണ്ടും ഓർമിപ്പിക്കുന്നു. ഉദ്ദേശം നല്ലതായിരുന്നു അത് പൂർണതയിൽ എത്തിക്കാനും സാധിച്ചു. മറ്റുള്ളവർ ഇത് അനുകരിക്കാൻ ശ്രമിച്ചാൽ റിസൾട്ട് കിട്ടണമെന്നില്ല.