ടെസ്സയുടെ ആദ്യ പ്രസവം. (Dog first delivery)
വീട്ടിലേക്ക് പുതിയൊരു കുഞ്ഞു അഥിതി വരുന്നത് നമ്മൾക്ക് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. എന്നാൽ പ്രസവിക്കുന്ന ആ സമയം സന്തോഷത്തോടൊപ്പം ഇത്തിരി ടെൻഷനും കടന്നുകൂടും. ആ പ്രസവം നമ്മൾ വളർത്തുന്ന നായയ്ക്ക് ആണെങ്കിൽ അവരെക്കാൾ ഏറെ നമ്മളും ശ്രദ്ധിക്കണം. ഇന്ന് നമ്മുടെ ടെസ്സ പ്രസവവേദന കാണിച്ചു തുടങ്ങിയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ 2022 ഫെബ്രുവരി 2ന് രാവിലെ 11 മണി മുതൽ ടെസ്സ മുറിയിലെ സ്ലാബിന് അടിയിൽ പോയി ഇരിപ്പാണ്. ഷീറ്റ് വിരിച്ചു കൊടുത്തിട്ടും അതിൽ കിടക്കാതെ മാറിയിരുന്ന ടെസ്സ ചെറിയ അസ്വസ്ഥതകൾ ഇടയ്ക്കിടെ കാണിക്കുന്നുണ്ട്. ടെസ്സ ഗർഭിണിയായി ഏകദേശം 58 ദിവസത്തോളം ആയതുകൊണ്ട് പ്രസവിക്കാനുള്ള (dog first delivery) സാധ്യതയും കൂടുതലാണ്. സമയം വൈകുന്നേരം നാല് മണിയോട് അടുത്തു, പ്രസവത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഞങ്ങൾ ഒരുക്കി വെച്ചു. കുഞ്ഞിന്റെ പൊക്കിൾകൊടിയിൽ പുരട്ടാൻ ബെറ്റാഡിൻ ഓയ്ൽമെന്റ്, കത്രിക, ഗ്ലൗസ്, ഡ്രൈ ഷീറ്റ്, തുണികൾ തുടങ്ങി ആവശ്യം വന്നാൽ കുഞ്ഞിന്റെ പൊക്കിൾകൊടി കെട്ടാനുള്ള നൂല് വരെ എടുത്തു വെച്ചു കാത്തിരുന്നു.
പ്രസവം ആരംഭിച്ച ശേഷം
ടെസ്സ ചെറുതായി കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വജൈനയുടെ ഭാഗത്ത് നിന്ന് വരുന്ന ഫ്ലൂയിഡ് നക്കിയെടുത്ത ടെസ്സയുടെ മാറിടമെല്ലാം വണ്ണം വെച്ചിട്ടുണ്ടായിരുന്നു. പ്രസവം ഏകദേശം അടുത്തെന്ന് തോന്നി. ടെസ്സ മുക്കുകയും ഇരിപ്പ് ഉറക്കാതെ നടക്കുകയും കിടക്കുകയും കൂടി ചെയ്തതോടെ അത് ഉറപ്പിച്ചു. കണ്ട് നിന്നവരെ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ആദ്യത്തെ കുഞ്ഞിന്റെ കുറച്ച് ഭാഗം പുറത്തേക്ക് വന്നു. ടെസ്സ മുക്കുന്നുണ്ടായിരുന്നു. പതിയെ കുഞ്ഞ് പുറത്തേക്ക് വന്നു. ഒരു മിടുക്കൻ പപ്പി. നമ്മൾ ഒരുക്കി വെച്ച സജ്ജീകരണങ്ങൾ ഒന്നും ആവശ്യമേ വന്നില്ല. ടെസ്സ തന്നെ പൊക്കിൾകൊടി മുറിക്കുകയും കുഞ്ഞിനെ നക്കിയെടുക്കുകയും ചെയ്തു. ശരിക്കും അതെല്ലാം വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ്. സമയം എടുത്ത് പതിയെ വേണം കുഞ്ഞിനെ പുറത്തേക്ക് എടുക്കാൻ. അതേപോലെ കുഞ്ഞിന്റെ അമ്മയ്ക്ക് അതിനെ പരിപാലിക്കാൻ കൊടുക്കാനും മടിക്കരുത്. മണിക്കൂറുകൾക്ക് ശേഷം എല്ലാവരുടെയും മുഖത്ത് അപ്പോളാണ് പുഞ്ചിരി നിറഞ്ഞത്. അടിച്ച ടെൻഷനുകൾക്ക് എല്ലാം വിരാമം ഇട്ടുകൊണ്ടായിരുന്നു കുഞ്ഞൻ പപ്പിയുടെ വരവ്. കുഞ്ഞിനെ തുടച്ച് വൃത്തിയാക്കിയ ശേഷം ടെസ്സയുടെ അടുത്ത് കിടത്തി മുലപാല് കൊടുക്കാൻ തുടങ്ങി. വളരെ ശാന്തനായി കിടന്നു കൊണ്ട് പാല് കുടിച്ച കുഞ്ഞ് പപ്പി കുറച്ച് നേരം മയങ്ങാൻ കിടന്നു. അപ്പോളേക്കും അടുത്ത കുഞ്ഞിന്റെ വരവായി.
ടെസ്സയുടെ രണ്ടാമത്തെ കുഞ്ഞും പുറത്തേക്ക് വന്നു. ആദ്യത്തേത് പോലെ തന്നെ ഈ കുഞ്ഞിനേയും ടെസ്സ തന്നെ പരിപാലിച്ചു. ആദ്യത്തെ കുഞ്ഞിനെക്കാൾ ചെറിയ കുഞ്ഞായിരുന്നു ഇത്. ടെസ്സ പപ്പിയെ നക്കി വൃത്തിയാക്കി. പിന്നീട് രണ്ടുപേരും ഒരുമിച്ച് കിടന്നായി പാല് കുടിക്കൽ. ഒട്ടും വൈകാതെ മൂന്നാമത്തെ കുഞ്ഞും വന്നു. ആ കുഞ്ഞിനേയും എല്ലാവരും ചേർന്ന് വരവേറ്റു. രാവിലെ മുതൽ ഭക്ഷണം ഒന്നും കഴിക്കാത്തിരുന്ന ടെസ്സ വെള്ളവും ആഹാരവും കഴിച്ചു. കുഞ്ഞുങ്ങൾ മൂന്ന് പേരും ഒരുമിച്ച് പാല് കുടിച്ച് കണ്ണടച്ച് കിടപ്പായി. ഒരു മണിക്കൂറിന് ശേഷം നാലാമത്തെ കുഞ്ഞിനേയും ടെസ്സ പ്രസവിച്ചു. അപ്പോളേക്കും എല്ലാവരും കുഞ്ഞുങ്ങളുടെ ഫോട്ടോ എടുക്കാനും അവർക്ക് പേരിടാനുമുള്ള തിരക്കിലായിരുന്നു. ടെസ്സ ആണെങ്കിൽ പ്രസവത്തിന്റെ ക്ഷീണത്തിൽ കിടന്ന് ഉറങ്ങി പോയി. ഒരു വലിയ പാത്രത്തിൽ കിടത്തിയ കുഞ്ഞുങ്ങൾ നാല് പേരും ഒരുമിച്ച് കിടന്ന് കരഞ്ഞും ഇഴഞ്ഞും കളിച്ചു കൊണ്ടിരുന്നു. ടെസ്സ നന്നായി കിടന്നുറങ്ങി എഴുന്നേറ്റ് വീണ്ടും ഭക്ഷണം കഴിച്ചു. കുഞ്ഞിനെ കാണാൻ ഞങ്ങൾ മാത്രമല്ല പുറത്ത് കൂട്ടിലുള്ള മറ്റു നായകളും കാത്തിരിപ്പായിരുന്നു. അവരെയും കൊണ്ടുവന്ന് കുഞ്ഞുങ്ങളെ ഒരുനോക്ക് കാണിച്ചു.
അമ്മയുടെ കരുതലും സ്നേഹവും
സമയം വീണ്ടും കടന്നു പോയി. രാത്രി ഒൻപത് മണി കഴിഞ്ഞപ്പോൾ ടെസ്സ അഞ്ചാമത്തെയും ആറാമത്തെയും കുഞ്ഞുങ്ങളെ പ്രസവിച്ചു. തന്റെ ആദ്യത്തെ കുഞ്ഞെന്ന പോലെ ടെസ്സ അവരെയും സ്നേഹത്തോടെ നക്കി വൃത്തിയാക്കി കൊണ്ടിരുന്നു. നേരം ഇത്രയും വൈകിയെങ്കിലും ഒരു മടുപ്പും കൂടാതെ അവരെ പരിപാലിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഇത് നായയെ വളർത്തുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം പല ജീവനുകളുടെ ഏറ്റവും പ്രധാനമായ നിമിഷങ്ങൾ ആണിത്. അങ്ങനെ ടെസ്സയുടെ നാല് പെൺ കുഞ്ഞുങ്ങളും രണ്ട് ആൺ കുഞ്ഞുങ്ങളും ചേർന്ന് അവളുടെ മേൽ ചാടിയും മറിഞ്ഞും കിടന്നു കൊണ്ട് പാല് കുടിച്ചു. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവും മനോഹരവുമായ സ്ഥലത്താണ് ആ കുഞ്ഞുങ്ങൾ ഇപ്പോളെന്ന് കണ്ടു നിന്ന ഓരോരുത്തർക്കും തോന്നിപോകും. ആ സമയം അമ്മയായ ടെസ്സ ഒരു ചെറിയ ഗമയോടെ തന്റെ കുഞ്ഞുങ്ങളെ നോക്കി കിടന്നു.