പട്ടിക്കുട്ടികളിലെ കടിയ്ക്കുവാനുള്ള പ്രവണത എങ്ങിനെ മാറ്റിയെടുക്കാം?
മൂന്നു മാസത്തിൽ താഴെ ഉള്ള പട്ടികുട്ടികളിൽ നമ്മളെ കടിക്കുവാനുള്ള പ്രവണത വളരെ കൂടുതലായി കണ്ടു വരാറുണ്ട്. അവരുടെ കുട്ടിക്കളിയുടെ ഭാഗമാണെങ്കിൽ പോലും പലപ്പോഴും ഈ സ്വഭാവം കൊണ്ട് നമ്മളിൽ പലരും പൊറുതി മുട്ടിയിട്ടുണ്ടാകാം. ഇങ്ങനെ കടിയ്ക്കുന്ന അവസരങ്ങളിലെല്ലാം തന്നെ പട്ടിക്കുട്ടികൾ വളരെ അധികം ഊർജസ്വലരായിരിക്കും. അതുകൊണ്ട് തന്നെ ആ സമയങ്ങളിൽ നമ്മൾ അതിനെ പരിശീലിപ്പിക്കാനോ അനുസരിപ്പിക്കാനോ തള്ളി മാറ്റാനോ ശ്രമിച്ചാൽ അവ നമ്മെ കൂടുതൽ കൂടുതൽ കടിയ്ക്കുവാനുള്ള സാധ്യതയാണുള്ളത്.അപ്പോൾ പിന്നെ എന്താണ് ഇതിനൊരു പരിഹാരം?
PUPPY BITING കാരണം മനസിലാക്കുക
ആദ്യമായി നമുക്ക് പട്ടിക്കുട്ടികളിൽ ഈ സ്വഭാവത്തിനുള്ള കാരണമെന്താണ് എന്നു നോക്കാം. കാട്ടു മൃഗമായിരുന്ന നായ്ക്കളെ മനുഷ്യർ തങ്ങളോട് ഇണക്കമുള്ളവരായി മാറ്റുകയാണ് ചെയ്തത്. എന്നാൽ നമ്മളെത്രയൊക്കെ മാറ്റിയാലും അവയുടെ സഹജമായ സ്വഭാവം അവരുടെ ഉള്ളിൽ കാണുക തന്നെ ചെയ്യും. അതിലൊന്നാണ് ഇരയെ തേടി പിടിക്കുവാനുള്ള പ്രവണത. അതുകൊണ്ട് തന്നെയാണ് ചലിക്കുന്ന വസ്തുക്കൾ കാണുമ്പോൾ അവയെ പിടിയ്ക്കുവാനും കടിയ്ക്കുവാനുമൊക്കെ പട്ടിക്കുട്ടികൾ ശ്രമിക്കുന്നത്. ഇതു അവരുടെ കളിയുടെ ഭാഗമാണ്. കുസൃതി കൂടുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ നമ്മളെ കടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്യുമ്പോലെ തന്നെയാണിതും കാലിൽ പിടിക്കുക, തുണിയിൽ കടിച്ചു തൂങ്ങുക മുതലായ കാര്യങ്ങൾ ചെയ്യുന്നത് അവർക്കു ഒരു രസമാണ്.എന്നാൽ കടി കൊള്ളുന്ന നമുക്കിതു അത്ര രസകരമായി തോന്നാൻ വഴിയില്ല.
എന്തുകൊണ്ട് നിങ്ങളെ കടിക്കുന്നു?
രണ്ടാമതായി എന്തുകൊണ്ട് നമ്മളെ അവർ ഉന്നം വയ്ക്കുന്നു എന്നു നോക്കാം. നമ്മൾ പോലും അറിയാതെ പലപ്പോഴും നമ്മൾ ഇരയെ പോലെ പെരുമാറുന്നു എന്നുള്ളത് കൊണ്ടാണിത്. പട്ടിക്കുട്ടികൾ നമ്മളെ കടിയ്ക്കാനായി അടുക്കുമ്പോൾ പലപ്പോഴും നമ്മൾ കുതറി മാറുകയോ, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയോ തട്ടിമാറ്റാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യുന്നു. വാസ്തവത്തിൽ ഇത് അവരെ കൂടുതൽ പ്രകോപിതരാക്കുക്കയാണ് ചെയ്യുന്നത്. ഈ സമയങ്ങളിലുള്ള നമ്മുടെ മാനസികാവസ്ഥയും അവർ നമ്മളെ വീണ്ടും വീണ്ടും കടിയ്ക്കാനുള്ള മറ്റൊരു കാരണമാകുന്നു.അവർ തുടർച്ചയായി കടിയ്ക്കുമ്പോൾ നമുക്ക് ദേഷ്യം വരുകയും നമ്മൾ അസ്വസ്ഥതരാവുകയും ചെയ്യുന്നു. ആ സമയത്ത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളൊക്കെയും പട്ടിക്കുട്ടിയ്ക്ക് തിരിച്ചറിയാൻ സാധിക്കും. ആക്രമിയ്‌ക്കാൻ വരുമ്പോൾ ഒരു ഇരയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പോലെ തന്നെ ആകും അവ. അതുകൊണ്ട് തന്നെ പട്ടിക്കുട്ടി വീണ്ടും നമ്മളെ കടിയ്ക്കാൻ ശ്രമിക്കും.
ഇനി എങ്ങിനെ പട്ടി കുട്ടിയെ ഈ സ്വഭാവത്തിൽ നിന്ന് പിന്തിരിപ്പിക്കാം എന്നു നമുക്ക് നോക്കാം. അതിനായി ഏറ്റവും എളുപ്പമുള്ളതും ചിലവു കുറഞ്ഞതുമായ ഒരു മാർഗ്ഗമാണു ഇവിടെ പറയുന്നത്.
1. രണ്ടു മൂന്നു പ്ലാസ്റ്റിക് കുപ്പികൾ(ശബ്ദമുണ്ടാക്കുന്ന ഏതെങ്കിലും വസ്തു )എടുക്കുക. അതിനു ശേഷം അതിന്റെ അറ്റത്തായി നീളത്തിൽ ഉള്ള ഒരു കയർ കെട്ടുക.
2. അതിനു ശേഷം പട്ടിക്കുട്ടി നമ്മളെ കടിയ്ക്കാനായി വരുന്ന സമയത്തു അതിന്റെ മുന്നിലേക്ക് ഈ കുപ്പി ഇട്ടുകൊടുത്തിട്ടു അതു ചലിപ്പിക്കുക. നമ്മളെക്കാൾ നല്ലൊരു ഇരയെ കിട്ടി എന്ന ധാരണയിൽ കുപ്പി പിടിക്കാനായി പട്ടിക്കുട്ടി അതിനു പുറകെ ഓടും. നമ്മൾ അപ്പോഴെല്ലാം കുപ്പി വലിച്ചിഴച്ചു കൊണ്ടേയിരിക്കണം.
3. പട്ടിക്കുട്ടി ക്ഷീണിച്ചു പിന്തിരിയുന്നതിനു തൊട്ടു മുൻപ് കുപ്പി കൈക്കലാക്കാൻ പട്ടിക്കുട്ടിയെ അനുവദിക്കുക. അതു കൈക്കലാക്കി കഴിഞ്ഞാൽ നമ്മൾ പട്ടിക്കുട്ടിയെ അഭിനന്ദിക്കുകയും ഒരു ട്രീറ്റ് കൊടുക്കുകയും ചെയ്യുക. ഇരയെ പോരാടി പിടിച്ചു ജയിച്ചു എന്ന തോന്നൽ പട്ടിക്കുട്ടിക്കുണ്ടാകാനാണ് ഇത്. എങ്കിൽ മാത്രമേ ഈ മാർഗ്ഗം ഫലപ്രദമാകൂ.
4. പട്ടിക്കുട്ടി ക്ഷീണിച്ചില്ല എന്നു തോന്നിയാൽ വീണ്ടും അടുത്ത കുപ്പിയിട്ടു കൊടുത്തു കളി ആവർത്തിയ്ക്കുക.പട്ടിക്കുട്ടി ക്ഷീണിക്കും വരെ ഇതു തുടരുക.
5. ക്ഷീണിച്ചു കഴിഞ്ഞാൽ നമ്മൾ പറയുന്നത് അനുസരിക്കാൻ പട്ടിക്കുട്ടി തയ്യാറാക്കും ഈ സമയത്തു നമുക്ക് അതിനെ പരിശീലിപ്പിക്കാവുന്നതാണ്.
അങ്ങിനെ അതിന്റെ ഈ സഹജവാസനയെ വ്യായാമത്തിനുള്ള ഒരു വഴിയായി മാറ്റാവുന്നതാണ്.പട്ടികുട്ടികളിൽ ഈ സ്വഭാവം മാറും വരെ നമ്മൾ ഇതിനായി സമയം കണ്ടെത്തേണ്ടതുണ്ട് . ഇല്ലെങ്കിൽ പട്ടിക്കുട്ടി കടി തുടർന്ന് കൊണ്ടേയിരിക്കും. അവരുടെ ജന്മവാസനയെ തല്ലിക്കെടുത്താതെ അതിനു വേണ്ട അവസരങ്ങൾ സൃഷ്ടിച്ചു കൊടുത്തുകൊണ്ട് തന്നെ അവരുടെകടിയ്ക്കുവാനുള്ള പ്രവണത മാറ്റിയെടുക്കാനുള്ള വളരെ എളുപ്പത്തിലുള്ള ഒരു മാർഗ്ഗമാണിത്.