വീട്ടിലെ ട്രെയ്നർ VS പ്രൊഫഷണൽ Dog Trainer : Laze media

ഹോൾഡനെയും Dog Trainer രതീഷിനെയും കണ്ടുമുട്ടിയപ്പോൾ.

DOG TRAINER

DOG TRAINER

സൗത്ത് ഇന്ത്യയിലെ ഏറ്റവും അനുസരണയുള്ള നായയാണ് ബെൽജിയൻ മാലിനിയോസ് ഇനത്തിൽ പെട്ട ഹോൾഡൻ (KERALA’S FIRST OBEDIENCE CHAMPION). കൂടെ ഹോൾഡന്റെ ഉടമസ്ഥനും ഹോൾഡ് ആൻഡ് ബാർക്ക് ഡോഗ് ട്രെയിനിങ് സെന്ററിലെ പ്രൊഫഷണൽ ട്രെയിനറുമായ രതീഷും ഇന്ന് നമ്മോടൊപ്പം ഉണ്ട്. എന്തുകൊണ്ടാണ് മികച്ച അനുസരണയുള്ള നായയായി ഹോൾഡൻ തിരഞ്ഞെടുക്കപ്പെട്ടതെന്ന് കുറച്ച് നേരം അവരുമായി ചിലവിട്ടപ്പോൾ തന്നെ മനസ്സിലായി. രതീഷ് എന്ന DOG TRAINER ഓരോ സംസാരവും ചലനവും ചുണ്ടിനക്കവും വരെ ശ്രദ്ധിച്ച് ഇരിക്കുകയാണ് ഹോൾഡൻ. ഉദാഹരത്തിനായി കുറച്ച് കാര്യങ്ങൾ ഞങ്ങൾ ചെയ്ത് നോക്കി. ഞങ്ങൾ മൂന്ന് പേരുടെയും ചെരുപ്പുകൾ ദൂരെ കൊണ്ടിട്ട ശേഷം അതിൽ നിന്ന് രതീഷിന്റെ ചെരുപ്പ് എടുക്കാൻ കമാൻഡ് കൊടുത്തതും കൃത്യമായി എടുത്ത് കൊണ്ടു വന്നു ഹോൾഡൻ. കൂടാതെ രതീഷ് നായയുടെ അടുത്ത് വന്ന് നിന്ന ശേഷം ഇടതു കാൽ ആദ്യം എടുത്ത് വെച്ച് നടക്കുമ്പോൾ നായ കൂടെ വരുകയും വലതു കാൽ ആദ്യം എടുത്ത് വെച്ച് നടക്കുമ്പോൾ അനങ്ങാതെ ഇരിക്കുകയും ചെയ്യുന്നതെല്ലാം ഹോൾഡന്റെ മികവ് എടുത്ത് കാണിക്കുന്നവയായിരുന്നു. ഇവിടെ ശ്രദ്ധിച്ച മറ്റൊരു കാര്യം രതീഷിന്റെ കമാൻഡുകൾ എല്ലാം അലറി വിളിച്ചു കൊണ്ടുള്ളത് ആയിരുന്നില്ല. പകരം വളരെ ശാന്തനായി ശബ്ദം കുറച്ച് നായ കേൾക്കുന്ന രീതിയിൽ ആയിരുന്നു. ഇതിന്റെ പിന്നിലുള്ള രഹസ്യം ചോദിച്ചപ്പോൾ നായയുടെ സൈക്കോളജി പ്രകാരം ഉറക്കെ കമാൻഡ് കൊടുക്കുമ്പോൾ നായ കൊടുക്കുന്ന ശ്രദ്ധ കുറവായിരിക്കും, ഉറക്കെയാണല്ലോ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കിലും കേൾക്കാമല്ലോ എന്നായിരിക്കും അതിന്റെ ഉള്ളിൽ. എന്ന ശബ്ദം താഴ്ത്തി പറയുമ്പോൾ അത് കേൾക്കാനായി ശ്രദ്ധ കൂടുതൽ കൊടുക്കും. ഇത് വലിയ കൂട്ടത്തിനും ബഹളങ്ങൾക്കും ഉള്ളിൽ നിന്നും നായ നമ്മുടെ കമാൻഡ് കേൾക്കാനും അനുസരിക്കാനും ഉപകാരപ്പെടും. അപ്പൊ ഇത്തരം അറിവുകൾ ഒരുപാട് രതീഷ് ബ്രോയുടെ കയ്യിൽ ഉണ്ടെന്ന് മനസ്സിലായല്ലോ. അപ്പോൾ നമ്മുടെ LAZE MEDIA  യിലെ പ്രവീൺ ബ്രോയും രതീഷ് ബ്രോയും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിൽ നിന്ന് ലഭിച്ച അറിവുകൾ പങ്കുവെക്കാം.

എപ്പോഴാണ് ട്രെയിനിംഗ് നൽകേണ്ടത്

ഡോഗ് ട്രെയിനിങ്ങിനെ കുറിച്ച് എല്ലാർക്കും അറിയേണ്ടത് ഏത് സമയത്താണ് ട്രെയിനിങ് കൊടുത്ത് തുടങ്ങേണ്ടത് എന്നാണ്. ഒരു ചെറിയ പപ്പിക്ക് മൂന്ന് മാസം ആകുന്നതിന് മുൻപ് തന്നെ അടിസ്ഥാനപരമായ ട്രെയിനിങ് കൊടുത്ത് തുടങ്ങേണ്ടതാണ്. സിറ്റ്, സ്റ്റാൻഡ്, ഡൌൺ പോലുള്ളവയാണ് പഠിപ്പിച്ച് തുടങ്ങേണ്ടത്.അവിടെ തുടങ്ങി ഒരു ഒന്നര വയസ്സ് ആകുമ്പോളേക്കും ട്രെയിനിങ് പൂർത്തിയാക്കി നല്ല അനുസരണയുള്ള നായയാക്കി മാറ്റാൻ സാധിക്കും. എന്നാൽ ഈ കമാൻഡുകൾ പഠിപ്പിച്ചത് കൊണ്ട് മാത്രം നായ അനുസരണ കാണിക്കണം എന്നില്ല. കുഞ്ഞ് പപ്പി ആയിരിക്കുന്ന കാലം മുതൽ അധികം കൊഞ്ചിച്ച് വഷളാക്കാതെ ഒരു വലിയ നായയെ വളർത്തുന്ന പോലെ നോക്കി കൊണ്ട് നടന്നാൽ കുറച്ച് വലുതായി വരുമ്പോൾ തന്നെ നല്ല അനുസരണ ഉള്ള നായയായി തനിയെ മാറും. കൊഞ്ചിക്കരുതെന്ന് പറഞ്ഞത് സ്നേഹം കാണിക്കരുത് എന്നല്ല, പകരം കുഞ്ഞിലേ തന്നെ തെറ്റ് എന്താണ് ശരി എന്താണ് എന്ന് പഠിപ്പിക്കണം എന്നാണ്. കാരണം നായയുടെ അടിസ്ഥാന സ്വഭാവ പ്രകാരം സ്വന്തം വർഗ്ഗത്തിന്റെ കൂട്ടത്തിൽ ആയാലും മറ്റുള്ളവരുടെ കൂടെ ആയാലും എല്ലാവരെക്കാളും മുകളിൽ ഒരു നേതാവിനെ പോലെ ആകണം എന്നാണ്. അപ്പോൾ കുഞ്ഞിലേ തൊട്ടുള്ള ഇത്തരം കൊഞ്ചിക്കൽ നായയുടെ ആ സ്വഭാവത്തെ കൂടുതൽ വളർത്താൻ കാരണമാകും. പതിയെ നായ വലുതായി വരുമ്പോൾ കുഞ്ഞിലേ പഠിച്ച അനുസരണക്കേടുകൾ ആവർത്തിച്ചു കൊണ്ടിരിക്കും.

ഒരു നായയ്ക്ക് ട്രെയിനിങ് കൊടുക്കുമ്പോൾ അത് സമയമെടുത്ത് ചെയ്യേണ്ട പ്രക്രിയ ആണെന്ന് മനസ്സിലാക്കുക. ഒന്നോ രണ്ടോ ദിവസം കൊണ്ടോ ആഴ്ച കൊണ്ടോ നായയെ ഒരു കാര്യം പഠിപ്പിച്ചെടുക്കാൻ കഴിയില്ല. ഒരുപക്ഷെ ആ വാക്ക് കേൾക്കുമ്പോൾ ഫുഡിന് വേണ്ടിയോ അപ്പോളത്തെ ആവശ്യത്തിന് വേണ്ടിയോ അനുസരിച്ചേക്കാം പക്ഷേ ആവശ്യ സമയത്ത് ഉപകരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഒരു വാക്ക് നായയുടെ മനസ്സിൽ പതിയാൻ കുറഞ്ഞത് നാലായിരം തവണ എങ്കിലും നമ്മൾ പറഞ്ഞ് കേൾക്കണം. പറഞ്ഞാൽ മാത്രം പോരാ നായ ആ കമാൻഡിന് അനുസരിക്കുകയും വേണം. സമയം എടുത്ത് തുടർച്ചയായി ചെയ്താലേ ഇത് നടപ്പിലാവൂ. അതുകൊണ്ട് ട്രെയിനിങ് കൊടുക്കുന്നതിന് റിസൾട്ട്‌ കിട്ടാൻ ഒരു വയസ്സ് വരെ ആകേണ്ടി വന്നേക്കാം. പിന്നെ ശ്രദ്ധിക്കേണ്ടത് ഓരോ വാക്കും നായയോട് പറയുമ്പോൾ വ്യക്തമായും കൃത്യമായും പറയണം. എളുപ്പത്തിൽ നാലായിരം തവണ പറഞ്ഞ് തീർക്കാൻ നോക്കരുത്. പിന്നെ ശ്രദ്ധിക്കേണ്ടത് നായയുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് ട്രെയിനിങ് കൊടുക്കുക എന്നതാണ്. ഓരോ നായയും വ്യത്യസ്തരാണ്. അതിപ്പോ ഓരോ പ്രായത്തിൽ ഉള്ളവരായാലും ഓരോ ഇനത്തിൽ പെട്ടവരായാലും തമ്മിൽ തമ്മിൽ വ്യത്യാസം ഓരോ നായയിലും കാണാൻ കഴിയും. അപ്പോൾ അവരെ കൃത്യമായി നിരീക്ഷിക്കുക. അതിന് ശേഷം എന്താണോ അവരുടെ താല്പര്യം എന്ന് മനസ്സിലാക്കി അതിന് അനുസരിച്ചുള്ള ട്രെയിനിങ് കൂടുതൽ നൽകുക. ചിലർക്ക് ഓടി കളിക്കാൻ ആകും ഇഷ്ടം അതുപോലെ ചാടാനും വേട്ടയാടാനും ആക്രമിക്കാനും തുടങ്ങി പലവിധ ഇഷ്ടങ്ങൾ ആയിരിക്കും. അതുകൊണ്ട് ട്രെയിനിങ് അടിച്ചേൽപ്പിക്കൽ ആവരുത്.

DOG TRAINER

DOG TRAINER

നമ്മുടെ വീട്ടിൽ ഒരു കുഞ്ഞുണ്ടായി നടക്കാൻ തുടങ്ങിയാൽ ആദ്യം ആ കുഞ്ഞിനെ കൈ പിടിച്ച് നടത്തിച്ച് തുടങ്ങും അല്ലേ? വലുതായി കഴിഞ്ഞാൽ മാത്രമേ ആ കുഞ്ഞിനെ നമ്മൾ സ്വതന്ത്രമായി നടക്കാൻ അനുവദിക്കുകയുള്ളൂ. എന്നാൽ ഒരു നായയുടെ കാര്യം വരുമ്പോളോ? നമ്മുടെ നാട്ടിൽ പൊതുവെ കണ്ടുവരുന്നത്‌ നേരെ തിരിച്ചാണ്. കുഞ്ഞ് പപ്പി ആയിരിക്കുമ്പോൾ അഴിച്ച് വിട്ട് ചെയ്യുന്ന കുറുമ്പുകൾക്ക് എല്ലാം പ്രോത്സാഹനം നൽകും വലുതായാലോ, കഴുത്തിൽ ഒരു ലീഷ് ഇട്ടുകൊണ്ട് കൊണ്ടുനടക്കും. എന്നാൽ ഇത് ശുദ്ധ മണ്ടത്തരമാണ്. വിദേശത്ത് എല്ലാം ചെയ്യുന്നത് പോലെ കുഞ്ഞിലേ തന്നെ ലീഷ് ഇട്ടുകൊണ്ട് വലിയ നായയെ കൈകാര്യം ചെയ്യുന്ന പോലെ ഓരോ കാര്യങ്ങൾ കൃത്യമായി പഠിപ്പിച്ചാൽ നായ വലുതായാൽ ലീഷ് എല്ലാം അഴിച്ചുമാറ്റി ഒരു പപ്പിയെ നോക്കുന്ന ലാഘവത്തിൽ വളർത്താനാകും. കാരണം കുഞ്ഞു പ്രായത്തിൽ പഠിപ്പിച്ചതേ അതിന്റെ തലയിൽ നിൽക്കൂ. വലുതായി കഴിഞ്ഞ് എത്ര ട്രെയിനിങ് കൊടുത്താലും ശരിയാവണമെന്നില്ല. പിന്നെ കുഞ്ഞിലേ തന്നെ ഓരോ കമാൻഡ് പഠിപ്പിക്കുമ്പോളും നിർബന്ധിച്ച് ചെയ്യിപ്പിക്കാതെ പഠിപ്പിച്ച് കൊടുക്കുക. ഉദാഹരത്തിന്, നോ കമാൻഡ് പഠിപ്പിക്കുമ്പോൾ ഫുഡ്‌ ഇട്ടുകൊടുത്ത് നോ പറയുമ്പോൾ എടുക്കാതെ ഇരിക്കാൻ ശീലിപ്പിക്കുക ആയിരിക്കും എല്ലാവരും ആദ്യം ചെയ്യുക. അതിനായി ഫുഡ്‌ എടുക്കാതിരിക്കാൻ ലീഷിൽ പിടിച്ച് വലിച്ച് നായയെ നിർബന്ധിച്ച് ഇരുത്തും. അത് തെറ്റാണ്. പകരം ഒരു ചെറിയ കഷ്ണം ഫുഡ് നിലത്ത് ഇട്ടുകൊടുത്ത് അത് എടുക്കാൻ പോകുമ്പോൾ പിടിച്ച് നിർത്തി നോ പറഞ്ഞ ശേഷം വലിയൊരു കഷ്ണം ഫുഡ് കൊടുക്കുക, ശേഷം നിലത്ത് കിടന്ന കുഞ്ഞി കഷ്ണവും കൊടുക്കുക. ഇത് തുടർന്നു ചെയ്യുക. അപ്പോൾ നായയ്ക്ക് താനേ മനസ്സിലാവും ചെറുത് എടുത്തില്ലെങ്കിൽ വലുത് കിട്ടും നോ പറഞ്ഞാൽ എടുക്കരുത് എന്നെല്ലാം. ഈ ട്രെയിനിങ്ങിൽ നായ അനുസരിച്ചില്ല എങ്കിൽ മാത്രം നിർബന്ധപൂർവ്വം പഠിപ്പിക്കാൻ പാടൊള്ളു.

ഇതെല്ലാം രതീഷുമായി ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്തിയ സംഭാഷണത്തിൽ നിന്ന് ലഭിച്ച അറിവുകൾ ആണ്. ഈ അറിവുകൾ വെറുമൊരു തുടക്കം മാത്രമാണ്. സമയപരിമിതി കാരണം നിർത്തുകയാണ്. ഇനിയും ഒരുപാട് ഒരുപാട് കാര്യങ്ങൾ ചോദിച്ചും കണ്ടും അറിയാനുണ്ട്. വരുന്ന എപ്പിസോഡുകളിൽ അതെല്ലാം ചോദിച്ചറിയാം.