“കാസ്സിയുടെയും ഫോക്സിന്റെയും തല്ലുമാല”(How to stop dog fight)
ഏഴ് വയസ്സുകാരി ഡാഷ്ഹണ്ട് കാസ്സിയും ഒന്നര വയസ്സുകാരൻ ലാബ്രഡോർ ഫോക്സും. രണ്ട് പേരും താമസം ഒരു വീട്ടിൽ തന്നെ. രണ്ടുപേരും ദിവസവും കാണുന്നവർ. ശരിക്കും പറഞ്ഞാൽ ഒന്നര വർഷം മുൻപ് ഫോക്സ് ജനിച്ചപ്പോൾ മുതൽ ഇരുവരും ഒരുമിച്ചാണ്. ഒരുമിച്ച് കളിച്ച് കൂട്ടുകാരെ പോലെ നടക്കുകയാണ് ഇരുവരും എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. ഇത്രയും നാൾ കൂടെ ഉണ്ടായെങ്കിലും ഇന്നും രണ്ട് പേരും മുഖാമുഖം കണ്ടാൽ ആജന്മശത്രുക്കളെ പോലെയാണ്. പരസ്പരം കടിച്ചുകീറാൻ തയ്യാറായി നിൽക്കുകയാണ് ഇരുവരും. വലുപ്പം കൊണ്ട് ഫോക്സ് ആണ് മുന്നിൽ എങ്കിലും ശത്രുതയുടെ കാര്യത്തിൽ കാസ്സി നിസാരകാരിയല്ല. ഒരുതവണ ഫോക്സിന്റെ മൂക്ക് കടിച്ച് പറിച്ചിട്ടുണ്ട് ജർമനികാരിയായ കാസ്സി. ഇരുവരുടെയും തല്ലുപിടിത്തവും വഴക്ക് പറച്ചിലും കാരണം വീട്ടുകാരെ പോലെ അയൽക്കാരും പൊറുതി മുട്ടിയിരിക്കുകയാണ്. പരസ്പരം കണ്ടാൽ അതുപോലെയാണ് കുര. ഇവരെ ഒരുമിപ്പിക്കാൻ ഉടമസ്ഥർ ഒരുപാട് ശ്രമിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. സത്യത്തിൽ ഇവർ തമ്മിലെന്താണ് പ്രശ്നം എന്നാർക്കും ഒരു പിടിയുമില്ല. എങ്കിൽ അതൊന്ന് അറിഞ്ഞ് പ്രശ്നം പരിഹരിച്ചിട്ട് തന്നെ കാര്യം(How to stop dog fight). അതിന് കാസ്സിയും ഫോക്സും തമ്മിലുള്ള പ്രശ്നം എന്താണെന്ന് കണ്ടുപിടിക്കലാണ് ആദ്യത്തെ വഴി.
അടിസ്ഥാന പ്രശ്നം(Reason for fight)
കാസ്സിയുടെയും ഫോക്സിന്റെയും കൂടെ മണിക്കൂറുകൾ ചിലവിട്ടപ്പോൾ ആണ് ഇവരുടെ പ്രശ്നം പിടികിട്ടിയത്. കാസ്സി ഏഴ് വർഷം മുൻപ് ഈ വീട്ടിൽ വന്നു കയറിയ ആളാണ്. വന്ന് കയറിയ സമയത്ത് വേണ്ട രീതിയിലുള്ള ട്രെയിനിങ്ങോ ഗൈഡോ കിട്ടിയിരുന്നില്ല. ഫോക്സ് വരുന്നത് വരെ കാസ്സിയെ അത് ബാധിച്ചിരുന്നില്ല. എന്നാൽ ഫോക്സ് വന്നത് മുതൽ തനിക്ക് മാത്രം അതുവരെ കിട്ടിക്കൊണ്ടിരുന്ന സ്നേഹം ഉടമസ്ഥർ ഫോക്സുമായി പങ്കിടുന്നത് ഏവരെയും പോലെ കാസ്സിക്ക് ദഹിച്ചില്ല. ഫോക്സിനെ തൊടുന്നതും കളിപ്പിക്കുന്നതും കാണുമ്പോൾ കാസ്സിക്ക് ദേഷ്യം കാസ്സിയെ കളിപ്പിക്കുമ്പോൾ ഫോക്സിനും. ഇത് തന്നെയാണ് ഒന്നര വർഷം നീണ്ടുനിന്ന ശത്രുതയുടെ പ്രധാന കാരണം. കാണുന്നവർ എല്ലാവരും കരുതുന്നത് കാസ്സി കുഴപ്പക്കാരിയാണ്, കാസ്സിക്ക് ആണ് അസൂയ കൂടുതൽ എന്നൊക്കെയാണ്. പക്ഷേ, ഫോക്സ് നല്ലവനായി നിന്നു കൊണ്ട് കാസ്സിയെ പ്രകോപിപ്പിക്കുന്നത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. പലപ്പോഴും ചെറിയ നോട്ടം കൊണ്ടും കാസ്സിക്ക് കടിക്കാൻ അവസരം ഉണ്ടാക്കി കൊടുത്ത് കൊണ്ടും ഫോക്സ് കാസ്സിയെ പ്രകോപിപ്പിക്കുകയായിരുന്നു. കാരണം വേറൊന്നുമല്ല, കാസ്സി തന്നെ കടിച്ചാലോ തന്നോട് ദേഷ്യപ്പെട്ടാലോ കാസ്സിയെ ഉടമസ്ഥൻ വഴക്ക് പറയുകയും തന്നെ സ്നേഹിക്കുകയും ചെയ്യും. ഇപ്പൊ കഥയിലെ ട്വിസ്റ്റ് മനസ്സിലായോ. ഇവർ തമ്മിലുള്ള ഈഗോ നശിപ്പിച്ച് ഇവരെ എങ്ങനെ ഇനി ഒരുമിപ്പിക്കുമെന്ന് നോക്കാം.
അടി നിർത്തൽ കരാർ(Solution)
ശരിയായ ട്രെയിനിങ് കിട്ടാത്തത് കൊണ്ട് മെരുക്കാൻ പ്രയാസമാണെങ്കിലും, ട്രെയിനിങ് കൊടുക്കുക എന്നത് തന്നെയാണ് പരിഹാരവും. തെറ്റ് ഏതാണ് ശരി ഏതാണെന്ന് ഇരുവരെയും പഠിപ്പിക്കുക. കൂട്ടത്തിൽ ആക്രമണാത്മക കൂടുതലുള്ള കാസ്സിക്ക് ട്രെയിനിങ് കൂടുതൽ കൊടുക്കുക. ഇതാണ് ഇനിയുള്ള കടമ്പ. അതിനായി രണ്ടുപേരെയും അടുത്തേക്ക് കൊണ്ടു വന്നു. കാസ്സിയുടെ താമസ സ്ഥലത്തേക്ക് ഫോക്സിനെ എത്തിച്ചു. ഇരുവരും തമ്മിലുള്ള കുരയും ഓട്ടവും തുടങ്ങി. ഏത് സമയത്താണോ കുരക്കാതെ ശാന്താനായി നിൽക്കുന്നത് ആ സമയത്ത് ഇരുവരെയും “വെരി ഗുഡ്” എന്ന് പറഞ്ഞ് അഭിനന്ദിച്ച് ദേഹത്ത് തടവി കൊടുക്കുക. ഇത് നിരന്തരം ചെയ്തു കൊണ്ടിരുന്നു. ചെവിയുടെ അടിയിലും വയറിന്റെ ഭാഗത്തും കൂടുതൽ തടവി കൊടുത്തു. പതിയെ പതിയെ കുരയുടെ എണ്ണം കുറയുകയും ശാന്തനായി നിൽക്കുന്ന സമയം കൂടുകയും ചെയ്തു. ഇനി അടുത്ത സ്റ്റെപ് ഫോക്സിനെ കാസ്സിയുടെ കൂട്ടിലേക്ക് കയറ്റി കാസ്സിയെ പുറത്തേക്ക് ആക്കുക എന്നതാണ്. കുറച്ച് കൂടെ ശക്തനായ ഫോക്സ് എളുപ്പം കയറി എന്നാൽ കാസ്സി ആ സമയത്ത് വളരെയധികം ദേഷ്യത്തിൽ ആയിരുന്നു. എങ്കിലും നേരത്തെ ചെയ്ത പ്രവർത്തി വീണ്ടും ചെയ്തു കൊണ്ടിരുന്നു. ഉടമസ്ഥർ മാറി മാറി അവരെ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്തു. സമയം എടുത്തെങ്കിലും കാസ്സി പതിയെ ശാന്തയായി. കഴുത്തിലെ ബെൽറ്റിൽ നിന്ന് പിടി വിട്ടു. കുറച്ച് കഴിഞ്ഞ് കൂടിന്റെ വാതിലും തുറന്നു. അവർ എപ്പോളൊക്കെ ദേഷ്യപ്പെടുന്നോ അപ്പോളെല്ലാം അത് തെറ്റാണെന്ന് മനസ്സിലാക്കി ട്രെയിനിങ് കൊടുത്ത്. ശാന്തരാകുമ്പോൾ അഭിനന്ദിച്ച് തലോടുകയും ചെയ്തു. കാസ്സിക്ക് ട്രെയിനിങ് ഒട്ടും കിട്ടാത്തത് കൊണ്ട് അവൾക്ക് മാത്രം കുറച്ചധികം പരിശീലനം നൽകേണ്ടി വന്നു. സമയക്രമേണ കാസ്സി ഓരോന്ന് അനുസരിച്ച് തുടങ്ങി. ഇടയിൽ വെച്ച് ഫോക്സ് പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനോട് എങ്ങനെ ചെറുത്ത് നിൽക്കാമെന്ന് കാസ്സിയെ പഠിപ്പിച്ചു. അവർ പതിയെ ഒരു ഗ്രില്ലിന് അപ്പുറവും ഇപ്പുറവും നിന്ന് ഓട്ടവും കളിയും തുടങ്ങി.
അടിപൊളി കൂട്ടുകാർ(final result)
കാസ്സിയും ഫോക്സും ഗ്രില്ലിന് രണ്ട് വശത്തും ശാന്തരായി നിൽക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത് വന്നാൽ എന്താകും അവസ്ഥ എന്നറിയാൻ എല്ലാവരും ആകാംഷരായി നിന്നു. പതിയെ വാതിൽ തുറന്നു രണ്ട് പേരെയും സ്വാതന്ത്രരായി വിട്ടു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടുപേരും ഓട്ടം തുടങ്ങി. പക്ഷേ അത് കുരച്ചു കൊണ്ട് കടിക്കാൻ ആയിരുന്നില്ല വാലാട്ടി കൊണ്ട് ആ പറമ്പ് മുഴുവനും അവർ ഓടി കളിച്ചു. കണ്ടു നിന്ന എല്ലാവർക്കും അത്ഭുതമായിരുന്നു. ഒന്നര വർഷം നീണ്ടു നിന്ന അടിയാണ് അര ദിവസം കൊണ്ട് ഒത്തുതീർപ്പായി രണ്ടുപേരും കൂട്ടുകാർ ആയത്. കുറേ സമയത്തിന് ശേഷം ഓടി കളിച്ച് തളർന്ന ഇരുവരും വിശ്രമിക്കാനായി വന്നു കിടന്നു. ആ സമയം അവർക്കിടയിൽ കമ്പിയിൽ തീർത്ത കൂടിന്റെ അതിരുകളോ കഴുത്തിൽ ചങ്ങലയോ ഉണ്ടായിരുന്നില്ല. ഇനിയും വർഷങ്ങളോളം കാസ്സിയും ഫോക്സും കട്ട ചങ്ക്സായി സ്നേഹത്തോടെ ജീവിക്കട്ടെ!!