നായ ഇണചേരും മുൻപ് PROGESTERONE TEST
PROGESTERONE TEST

PROGESTERONE TEST

ആദ്യമായി ആശുപത്രിയിൽ എത്തിയ ടെസ്സ.(PROGESTERONE TEST)

ജീവിതത്തിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ കടന്നു പോകുന്നത് അറിയില്ലെന്ന് പറയുന്നത് എത്ര സത്യമാണ്. അതുപോലൊരു അവസ്ഥയിലാണ് ഇപ്പോൾ ഞങ്ങളും. കൂടെ ഓടിയും കളിച്ചും നടന്ന ടെസ്സ ഇന്ന് വലിയൊരു പെണ്ണായി മാറിയിരിക്കുകയാണ്. അതു മാത്രമല്ല ടെസ്സ MATE (ഇണച്ചേരാനുള്ള) ചെയ്യാനുള്ള ലക്ഷണങ്ങളും കാണിച്ചു തുടങ്ങി. ഇത് ഒരേസമയം കൗതുകവും സന്തോഷവും നൽകുന്ന വാർത്തയാണ്. നമ്മളെക്കാൾ ഏറെ ടെസ്സയ്ക്കും. എന്നാൽ മേറ്റ്‌ ചെയ്യിക്കുക എന്നത് ഒരു എളുപ്പ പണിയല്ല. അതിന് കൃത്യമായ ദിവസങ്ങളുണ്ട് അതിന് മുൻപ് അറിയേണ്ട ചില കാര്യങ്ങളും ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രോജെസ്റ്ററോൺ ടെസ്റ്റ്‌ (PROGESTERONE TEST). ഗര്‍ഭാധാനത്തിനും ഗര്‍ഭവളര്‍ച്ചയ്‌ക്കും സഹായിക്കുന്ന ഒരു സ്‌ത്രീഹോര്‍മോണ്‍ ആണ് പ്രോജെസ്റ്ററോൺ. പ്രോജെസ്റ്ററോണിന്റെ അളവ് ആവശ്യത്തിന് ഉണ്ടെങ്കിൽ മാത്രമേ മേറ്റ്‌ ചെയ്യിക്കാൻ സാധിക്കുകയുള്ളു. അതിനായി തൊട്ടടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലിൽ പോയി പരിശോധിക്കാനായുള്ള യാത്രാ തയ്യാറെടുപ്പിലാണ് ഞങ്ങൾ. ടെസ്സയുടെ ആദ്യത്തെ ഹോസ്പിറ്റലിൽ സന്ദർശനം ആയത് കൊണ്ട് പുള്ളിക്കാരി ഇത്തിരി ടെൻഷനിലാണ്. എങ്കിലും കാറിന്റെ ഡോർ തുറന്നതും ടെസ്സ ആദ്യമേ ഓടി കയറി. യാത്രയിൽ ഉടനീളം പുറം കാഴ്ചകൾ കണ്ട് ഒരു സുന്ദരി പെണ്ണായി ടെസ്സ അടങ്ങിയിരുന്നു.

എന്തൊക്കെ ടെസ്റ്റുകൾ

അങ്ങനെ തേവലക്കര മാർക്കറ്റ് റോഡിലുള്ള പെറ്റ് ലാൻഡ് വെറ്റിനറി ക്ലിനിക്കിൽ എത്തി. അകത്തേക്ക് കയറിയ ടെസ്സക്ക് ഡോക്ടറെ പരിചയപ്പെടുത്തി. ടെസ്സക്ക് നല്ല പേടിയുള്ളത് കൊണ്ട് കുറച്ച് നേരം ഇടപഴകിയ ശേഷം ടെസ്റ്റ്‌ ചെയ്‌താൽ മതിയെന്ന തീരുമാനത്തിലെത്തി ഞങ്ങൾ. ടെസ്സ ഡോക്ടറെ മണത്തു നോക്കിയും ചുറ്റും നിരീക്ഷിച്ചും നടക്കുന്ന സമയത്ത് ഡോക്ടർ ശ്രദ്ധിക്കേണ്ട മറ്റു വിഷയങ്ങൾ നമ്മളോട് പങ്കുവെച്ചു. മേറ്റിംഗിന് കൊണ്ട് പോകുന്നതിന് മുൻപ് പ്രോജെസ്റ്ററോൺ മാത്രം ടെസ്റ്റ്‌ ചെയ്‌താൽ പോരാ വജൈനൽ സൈറ്റോളജി ടെസ്റ്റ്‌ (VAGINAL CYTOLOGY TEST) കൂടി ചെയ്യണമെന്ന് പറഞ്ഞു. രക്തത്തിലെ സെല്ലുകളുടെ അളവ് അറിയാൻ വേണ്ടിയാണ് ഈ ടെസ്റ്റ്‌ നടത്തുന്നത്. കെരാറ്റിനൈസഡ് സെൽ 80%ൽ മുകളിൽ ഉണ്ടെങ്കിലേ മേറ്റിംഗിനുള്ള സമയം കണക്ക് കൂട്ടാൻ കഴിയുകയുള്ളൂ. ഈ രണ്ട് ടെസ്റ്റും നടത്തി കൂട്ടി നോക്കിയാലെ ഏത് ദിവസം മേറ്റ്‌ ചെയ്യണം എന്ന് കൃത്യമായി അറിയാൻ സാധിക്കുകയുള്ളൂ. ബ്ലീഡിങ് തുടങ്ങി രണ്ട് ദിവസമായ ടെസ്സ ഇപ്പോൾ പ്രോഈസ്ട്രസ് പീരിയഡിൽ (PROESTRUS PERIOD) ആണെന്ന് ഡോക്ടർ പറഞ്ഞു തന്നു. അത് ഏകദേശം ഒൻപത് ദിവസത്തോളം നീണ്ട് നിൽക്കും. അതിന് ശേഷം വരുന്ന ഈസ്ട്രസ് പീരീഡിൽ ആണ് മേറ്റിംഗ് നടത്തേണ്ടത്. അതിൽ തന്നെ ബ്ലീഡിങ് തുടങ്ങി പതിനൊന്ന് അല്ലെങ്കിൽ പതിമൂന്നാം ദിവസം മേറ്റ്‌ ചെയ്യിക്കുമ്പോളാണ് ഗർഭം ധരിക്കാൻ കൂടുതൽ സാധ്യതയുള്ളത്. കാരണം ആ സമയത്താണ് അണ്ഡോത്പാദനം (OVULATION) കൃത്യമായി നടക്കുന്നത്. ഡോക്ടർ ഈ അറിവുകൾ പകർന്നു നൽകുന്നതിനിടയിലും ടെസ്സ വഴിയിലൂടെ പോകുന്നവരെ നോക്കി കുരച്ചും മണപ്പിച്ചും നിൽപ്പുണ്ടായിരുന്നു.

സമയം കുറച്ച് കഴിഞ്ഞതുകൊണ്ട് ടെസ്സയെ ടേബിളിന് മുകളിൽ കയറ്റി നിർത്തി പരിശോധിക്കാൻ തയ്യാറെടുത്തു. ടേബിളിന് മുകളിൽ കയറിയ ടെസ്സ ആദ്യമൊക്കെ പരിഭ്രാന്ത ആയിരുന്നെങ്കിലും പതിയെ തടവിയും കമാൻഡ് നൽകിയും ടെസ്സയെ ശാന്തയാക്കി. ആദ്യം പ്രോജെസ്റ്ററോൺ ടെസ്റ്റ്‌ ചെയ്യാനായി ബ്ലഡ്‌ എടുക്കണമായിരുന്നു. അതിനായി ടെസ്സയെ എഴുന്നേൽപ്പിച്ച് നിർത്തിയാലേ ബ്ലഡ്‌ എടുക്കാൻ പറ്റുകയുള്ളൂ. രണ്ട് ഞരമ്പുകളിൽ നിന്നാണ് പൊതുവെ ബ്ലഡ്‌ എടുക്കാറുള്ളത്. ഒന്ന് മുൻപിലെ കാലിൽ ഉള്ള സെഫാലിക് (CEPHALIC) ഞരമ്പിൽ നിന്ന് അല്ലെങ്കിൽ പിൻകാലിൽ ഉള്ള സഫീനസ് (SAPHENOUS) ഞരമ്പിൽ നിന്നോ ആണ് എടുക്കേണ്ടത്. ടെസ്സയുടെ പിൻകാലിലെ സഫീനസ് ഞരമ്പിൽ നിന്ന് എടുക്കാമെന്ന് തീരുമാനിച്ചു. അതിനായി ടെസ്സയെ എഴുന്നേൽപ്പിച്ച് നിർത്തിയ ശേഷം രക്തം എടുക്കേണ്ടതായുള്ള ഞരമ്പിന്റെ അടുത്ത് നിന്ന് രോമം മുറിച്ചു മാറ്റി ഞരമ്പ് കണ്ടുപിടിച്ചു. ആദ്യം സൂചി ഉപയോഗിച്ച് രക്തം എടുക്കാൻ ശ്രമിച്ചപ്പോളേക്കും ടെസ്സ ദേഷ്യപ്പെട്ട് ഡോക്ടറെ ചെറുതായൊന്ന് പേടിപ്പിച്ചു. ടെസ്സക്ക് മാസ്ക് ഇട്ടു കൊടുത്തു. രണ്ടാം തവണ കുത്തിയപ്പോളേക്കും കൃത്യമായി സൂചി കയറി രക്തം വളരെ എളുപ്പത്തിൽ കിട്ടി. ടെസ്സ ഒന്ന് അനങ്ങിയത് പോലുമില്ല. അത് കണ്ടപ്പോൾ ഇതെല്ലാം ഒരു കലയാണെന്ന് തോന്നിപോയി. അത് ഡോക്ടറോട് പറയാനും മറന്നില്ല. അത് കേട്ട ഡോക്ടർക്കും സന്തോഷമായി. ആവശ്യത്തിനുള്ള രക്തം എടുത്ത ശേഷം സൂചിയൂരി. അടുത്തതായി വജൈനൽ സൈറ്റോളജി ടെസ്റ്റാണ് ചെയ്യേണ്ടത്. അതിനായി സ്റ്റെറൈൽ സ്വാബ് ഉപയോഗിച്ച് നായയുടെ യോനിയിൽ നിന്ന് രക്തം എടുക്കുകയാണ് വേണ്ടത്. അത് കേട്ടതും ടെസ്സ ഇരിപ്പായി. വീണ്ടും ടെസ്സയെ എഴുന്നേൽപ്പിച്ചു നിർത്തി രക്തം എടുക്കാൻ ശ്രമിച്ചു. ഭാഗ്യത്തിന് ആദ്യത്തെ ശ്രമത്തിൽ തന്നെ രക്തം കിട്ടി. ടെസ്സയും ഡോക്ടറും കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ഡോക്ടർ ടെസ്സയോട് തമാശ രീതിയിൽ ക്ഷമ ചോദിച്ചു. നിനക്കൊരു ഇണയെ കിട്ടാൻ വേണ്ടിയല്ലേ ഇതെല്ലാം ചെയ്തതെന്ന് പറഞ്ഞ് ടെസ്സയെ സമാധാനിപ്പിച്ചു. ടെസ്സ സന്തോഷവതിയായി. ടെസ്റ്റ്‌ റിസൾട്ട്‌ കിട്ടാൻ ഒരു ദിവസം കഴിയും, അതുകൊണ്ട് ഡോക്ടറോട് ബൈ പറഞ്ഞ് അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങി.

നായയെ ബ്രീഡ് ചെയ്യിപ്പിച്ചില്ലെങ്കിൽ?

പോകാൻ നേരം ഡോക്ടറോട് ഒന്ന് രണ്ട് സംശയങ്ങൾ കൂടി ചോദിച്ചു. ചില ആളുകൾ നായകളെ മേറ്റ്‌ ചെയ്യിക്കാതെ അതിന്റെ ജീവിതകാലം മുഴുവൻ വളർത്താറുണ്ട്. അതിന്റെ ദോഷഫലങ്ങളെ കുറിച്ചായിരുന്നു ചോദ്യം. പെൺ നായകളിൽ മേറ്റ്‌ ചെയ്തില്ലെങ്കിലും ഓരോ ആറ് മാസം കൂടുമ്പോളും ഈസ്ട്രസ് കാണിച്ചുകൊണ്ടിരിക്കും ബ്ലീഡിങ്ങും ഉണ്ടാകും. അതിനാൽ ഇങ്ങനെ മേറ്റ്‌ ചെയ്യാതെ വളർത്തുന്ന നായകളുടെ ഗർഭപാത്രത്തിൽ (UTERUS) കാലക്രമേണ പയോമെട്ര (PYOMETRA) എന്ന അനുബാധ വരാൻ സാധ്യത കൂടുതലാണ്. ഗർഭപാത്രം എടുത്ത് കളഞ്ഞാൽ ഈ പ്രശ്നത്തിന് പരിഹാരം ആകുമെങ്കിലും ഇതൊക്കെ അവരുടെ ജീവിതത്തിന്റെ ഭാഗം ആണെന്ന് ഓർത്താൽ ചെയ്യുന്നത് ക്രൂരതയാണ് എന്നാണ് എല്ലാവരെയും പോലെ ഡോക്ടറുടെയും അഭിപ്രായം. ആൺ നായകളിൽ രോഗം ഒന്നും ഉണ്ടാകില്ല എങ്കിലും നേരത്തെ പറഞ്ഞ ക്രൂരത ഇവിടെയും ബാധകമാണ്. അതുകൊണ്ട് നായ വളർത്തുന്നവർ അവരെ ജീവനുള്ള ഒരു വസ്തുവായി കണ്ട് അവരുടെ വികാരങ്ങളേയും മാനിക്കണമെന്ന് ഓർമിപ്പിക്കുന്നു. അപ്പോൾ ടെസ്സയുടെ റിസൾട്ടിനായി കാത്തിരിക്കാം. അതേപോലെ ടെസ്സക്ക് നല്ലൊരു ഇണയെ കിട്ടാനും.